മേരീലാന്റ്: മേരിലാന്റിലെ മലയാളി- തെലുങ്ക് സൗഹൃദം കെ.എല്‍.എ.പി എന്ന പേരില്‍ (കേരളം- ആന്ധ്ര) വോളിബോള്‍ ടൂര്‍ണമെന്റ് വര്‍ഷംതോറും നടത്തുന്നു. പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്ത ഒന്നാം ടൂര്‍ണമെന്റിനാല്‍ തന്നെ കെ.എല്‍.എ.പി പ്രസിദ്ധമായിക്കഴിഞ്ഞു. രണ്ടാം ടൂര്‍ണമെന്റ് ഈ വര്‍ഷം നവംബര്‍ ഒമ്പതാം തീയതി ബാള്‍ട്ടിമോറില്‍ നടത്തുവാന്‍ തീരുമാനിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16 ടീമുകള്‍ ഈവര്‍ഷം പങ്കെടുക്കും.

മേരീലീന്റില്‍ താമസിക്കുന്ന കേരളീയരും ആന്ധ്രക്കാരുമായ കളിക്കാരാണ് ടൂര്‍ണമെന്റിന് ആതിഥ്യം നല്‍കുന്നത്. ഇന്ത്യന്‍ വംശജരായ ഏതു കളിക്കാര്‍ക്കും (സംസ്ഥാനമോ, ഭാഷയോ വ്യത്യാസമില്ലാതെ) ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. കാനഡയില്‍ നിന്നും ഹൂസ്റ്റണില്‍ നിന്നും വരെ ടീമുകള്‍ പങ്കെടുക്കുന്നു എന്നുള്ളതിനാല്‍ കാണികള്‍ക്കും കളിക്കാര്‍ക്കും വളരെ ആവേശകരവും ആസ്വാദ്യകരവുമായിരിക്കും ഈവര്‍ഷത്തെ മത്സരങ്ങള്‍.

കായികമേള എന്നതുപോലെ തന്നെ എല്ലാവര്‍ക്കും ആസ്വദിക്കത്തക്ക തരത്തില്‍ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തുവാന്‍ സംഘാടര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിനു ശേഷം നടത്തുന്ന ഡിന്നര്‍ ബാങ്ക്വറ്റില്‍ സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്യും. വിജയികള്‍ക്ക് ട്രോഫികള്‍ക്കു പുറമെ ക്യാഷ് പ്രൈസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആവേശം പങ്കിടുവാന്‍ സാധിക്കത്തക്കവിധം കുട്ടികള്‍ക്കുവേണ്ടി സോക്കര്‍ ടൂര്‍ണമെന്റും അതേദിവസം നടക്കും.

ചെണ്ടമേളം, ബാന്റ് സെറ്റ്, ചിയര്‍ ലീഡര്‍ തുടങ്ങി കളികള്‍ക്കിടയിലുള്ള സമയം തികച്ചും സജീവവും ആകര്‍ഷകവും ആക്കുവാന്‍ വിവിധ കലാപരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തിന്റേയും ആന്ധ്രയുടേയും കലാസാസ്‌കാരിക പൈതൃകം പ്രകടിപ്പിക്കുന്ന ഫ്ലോട്ടുകളും കണ്ണിനും കാതിനും ഒരുപോലെ കുളിര്‍മയേകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www. klapvolleyball.com or thomasjose12345@yahoo.com

ജോയിച്ചന്‍ പുതുക്കുളം

No comments yet... Be the first to leave a reply!