3-Kerala Writers Forum Meetingഎ.സി. ജോര്‍ജ്ജ്
ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറം ജൂലൈ 17-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള ദേശി ഇന്ത്യന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രതിമാസ സമ്മേളനം സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നെത്തിയ ”പാടും പാതിരി” എന്നറിയപ്പെടുന്ന പ്രസിദ്ധ സംഗീതജ്ഞന്‍ ഫാ. പോള്‍ പൂവത്തിങ്കലിന്റെ സംഗീതാവിഷ്‌കാരമായിരുന്നു ഇപ്രാവശ്യത്തെ മുഖ്യയിനം. തൃശ്ശൂര്‍ ‘ചേതന’ മ്യൂസിക് അക്കാദമിയുടെ പ്രിന്‍സിപ്പല്‍ കൂടിയായ ഫാ. പോള്‍ പൂവത്തിങ്കല്‍ കര്‍ണ്ണാട്ടിക് സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും വ്യത്യസ്ത വഴികളെപ്പറ്റി വിശദമായി സംസാരിച്ചു. ഹൃദയഹാരിയായ ഏതാനും ഗാനങ്ങള്‍ ആലപിക്കാനും അദ്ദേഹം മറന്നില്ല. തദവസരത്തില്‍ പ്രശസ്ത ഗ്രന്ഥകര്‍ത്താവായ ജോണ്‍ കുന്തറയുടെ പുതിയ ഇംഗ്ലീഷ് നോവല്‍ ”നയന്‍ ഡെയിസ് എ റെസ്‌ക്യുമിഷന്‍” ഫാ. പോള്‍ പൂവത്തിങ്കലിന് നല്‍കി പ്രകാശനം ചെയ്തു.

കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിദ്ധ സാഹിത്യകാരന്‍ പീറ്റര്‍ ജി. പൗലോസ് മോഡറേറ്ററായി പ്രവര്‍ത്തിച്ചു. എ.സി. ജോര്‍ജ്ജ് അമേരിക്കന്‍ മലയാളി പ്രസ്ഥാനങ്ങളേയും വ്യക്തികളേയും അവരുടെ അനുദിന ജീവിത രീതികളേയും പശ്ചാത്തലമാക്കി സാങ്കല്‍പിക കഥാപാത്രങ്ങളെ കോര്‍ത്തിണക്കി രചിച്ച നര്‍മ്മ ചിത്രീകരണം ക്രിയാത്മകമായ ചര്‍ച്ചയ്ക്കും ആസ്വാദനത്തിനും പാത്രമായി. ദേവരാജ് കാരാവള്ളിയുടെ പ്രബന്ധം മലയാളഭാഷാ സാഹിത്യത്തിന്റെ ഉത്ഭവവും വളര്‍ച്ചയും എന്ന വിഷയത്തെ അധീകരിച്ചായിരുന്നു. വളരെ ഹ്രസ്വമായി എഴുതി അവതരിപ്പിച്ച ഈ പ്രബന്ധം പഠനാര്‍ഹമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മാത്യു മത്തായിയുടെ ”ബ്രൗണ്‍ ബാഗ്” എന്ന മിനിക്കഥ ചില അമേരിക്കന്‍ മലയാളികള്‍ ഭാര്യയെ ഭയന്ന് വളരെ ഗോപ്യമായി ബ്രൗണ്‍ ബാഗില്‍ മദ്യം കളവായി കടത്തി പാനം ചയ്യുന്നതിനെപ്പറ്റിയായിരുന്നു. ജോസഫ് തച്ചാറയുടെ ”രാജി” എന്ന ചെറുകഥയും ഉദ്വേഗജനകമായി.

പതിവുപോലെ ചര്‍ച്ചയില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ പ്രമുഖ എഴുത്തുകാരും, നിരൂപകരും, ചിന്തകരുമായ മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, മാത്യു മത്തായി, എ.സി. ജോര്‍ജ്ജ്, ദേവരാജ് കാരാവള്ളില്‍, പീറ്റര്‍ ജി. പൗലോസ്, ജോസഫ് പൂന്നോലി, മാത്യു കുരവക്കല്‍, മേരി കുരവക്കല്‍, ബോബി മാത്യു, ബി. ജോണ്‍ കുന്തറ, ജോസഫ് തച്ചാറ, വല്‍സന്‍ മഠത്തിപറമ്പില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗീസ്, ജോര്‍ജ്ജ് പാംസ്, റോയി അത്തിമൂട്ടില്‍, ആനി ജോസഫ്, നിക്ക് ജോസഫ്, ശ്രീപിള്ള, ശങ്കരന്‍കുട്ടി, ഷിബു ടോം, തോമസ് സെബാസ്റ്റ്യന്‍, മേരിക്കുട്ടി കുന്തറ, സുരേന്ദ്രന്‍ കോരന്‍, പൊന്നുപിള്ള, ജി.കെ. പിള്ള, മോട്ടി മാത്യു, ജോസഫ് ചാക്കോ, ഈശോ ജേക്കബ് തുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി സംസാരിച്ചു.

No comments yet... Be the first to leave a reply!