7-George R. Convention centerഎ.സി. ജോര്‍ജ്
ഹ്യൂസ്റ്റന്‍: വടക്കെ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ അല്‍മായരുടെ സംഘടനകളുടെ സംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ)യുടെ 12-ാമത് മഹാ സംഗമത്തിന് കൊടി ഉയരാന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രം. അമേരിക്കയിലെ നാലാമത്തെ പ്രമുഖ നഗരവും എനര്‍ജി ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ വേദിയായ ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററിലും ഹില്‍ട്ടണ്‍ അമേരിക്ക ഹോട്ടലിലുമായി ഓഗസ്റ്റ് 4 മുതല്‍ 7 വരെയാണ് മഹാസംഗമം ക്രമീകരിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്റെ സുഗമമായ 3-KCCNA Committeeനടത്തിപ്പിന് മുപ്പതോളം കമ്മറ്റികളാണ് അഹോരാത്രം പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിനിധികള്‍ എത്തുന്നു എന്നത് ഈ കണ്‍വെന്‍ഷന്റെ ഒരു പ്രത്യേകതയാണ്. കണ്‍വെന്‍ഷനിലെത്തുന്നവരെ സ്വീകരിക്കാനും സല്‍ക്കരിക്കാനും അവര്‍ക്ക് മാക്‌സിമം സുരക്ഷ ഉറപ്പാക്കാനും ആതിഥേയ സംഘടനയായ ഹ്യൂസ്റ്റന്‍ കെ.സി.സി.എന്‍.എ. പ്രതിജ്ഞാബദ്ധവും സര്‍വ്വഥാ തയ്യാറുമായിരിക്കുമെന്ന് ഹ്യൂസ്റ്റന്‍ കെ.സി.സി.എന്‍.എ. ഭാരവാഹികളായ എബ്രഹാം പറയന്‍കാലായില്‍ (പ്രസിഡന്റ്) ലൂസി കറുകപറമ്പില്‍ (വൈസ് പ്രസിഡന്റ്) സോനി ആലപാട്ട് (സെക്രട്ടറി) ഷാജി അറ്റുപുറം (ജോയിന്റ് സെക്രട്ടറി) രാജു ചേരിയില്‍ (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു. ഹ്യൂസ്റ്റനില്‍ സംഘടിപ്പിച്ച പത്രമാധ്യമ സമ്മേളനത്തില്‍ കെ.സി.സി.എന്‍.എ. യുടെ ഹ്യൂസ്റ്റന്‍ പ്രാദേശിക ഭാരവാഹികള്‍ക്കു പുറമെ ഹ്യൂസ്റ്റനില്‍ നിന്നു തന്നെയുള്ള കെ.സി.സി.എന്‍.എ. യുടെ അഖില കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അജിത് കളത്തില്‍ കരോട്ട്, കണ്‍വെന്‍ഷന്‍ കോ-ഓര്‍ഡിനേറ്ററും ഇവന്റ് കമ്മറ്റി ചെയര്‍മാനുമായ ബേബി മണക്കുന്നേല്‍ എന്നിവരും സന്നിഹിതരായിരുന്നു. സെന്ററല്‍ കമ്മിറ്റിയുടെ വൈവിധ്യമാര്‍ന്ന കണ്‍വെന്‍ഷന്‍ ചടങ്ങുകളുടെ ഒരു ഏകദേശ രൂപം ഈ പ്രസ് മീഡിയാ മീറ്റിലൂടെ അവര്‍ വിശദീകരിച്ചു. കണ്‍വെന്‍ഷന് നാലായിരത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷ എന്ന് കെ.സി.സി.എന്‍.എ. സെന്ററല്‍ കമ്മറ്റി അഭിപ്രായപ്പട്ടു. ഓഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ മുതല്‍ രജിസ്‌ട്രേഷന്‍ പാക്കറ്റുകള്‍ വിതരണം ചെയ്യപ്പെടും. ഹ്യൂസ്റ്റനിലെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടായ ഹോബിയില്‍ നിന്നും അതുപോലെ ജോര്‍ജ് ബുഷ്, ഇന്‍ടര്‍ കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടല്‍ സമുച്ചയത്തിലേക്കും കണ്‍വെന്‍ഷന്‍ സെന്ററിലേക്കും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഒരുക്കിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍ സമാപനത്തിനു ശേഷം മടക്കയാത്രക്കും ഈ എയര്‍പോര്‍ട്ടുകളിലേക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യമുണ്ടായിരിക്കും.

5-KCCNA Press Media conferenceഓഗസ്റ്റ് 4ന് വൈകുന്നേരം 6 മണിക്ക് കണ്‍വെന്‍ഷന്‍ ഔപചാരികമായി തിരിതെളിയിച്ച് ഓപ്പണ്‍ ചെയ്യും. തുടര്‍ന്ന് ഹ്യൂസ്റ്റന്‍ ആതിഥേയ ക്‌നാനായ കാത്തലിക്ക് സൊസൈറ്റി അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമും, ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആദ്യദിനത്തെ മോടിപിടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഘോഷമായ ദിവ്യ ബലിക്കു ശേഷം വര്‍ണശബളമായ ഘോഷയാത്രക്കു തുടക്കമാകും. പരമ്പരാഗതമായ അലങ്കാരങ്ങള്‍ ആകര്‍ഷകങ്ങളായ വേഷവിധാനങ്ങള്‍ കലാ-സാംസ്‌കാരിക രൂപങ്ങള്‍ പ്രകടനങ്ങള്‍ വാദ്യ മേളങ്ങള്‍ ഘോഷയാത്രയെ മോടിപിടിപ്പിക്കും. കെ സി സി എന്‍ എ യുടെ ഓരോ യൂണിറ്റുകാരുടെയും ബാനറുകള്‍ കൊടിതോരണങ്ങള്‍ സഹിതം ഘോഷയാത്ര ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ രണ്ടാം നിലയിലുള്ള ബാള്‍ റൂമിലാണ് സമാപിക്കുക. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 2004 ലെയും 2008ലേയും നാഷണല്‍ കണ്‍വെന്‍ഷന്‍ ഇതേ ബാള്‍ റൂമിലും ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ ഹോട്ടല്‍ സമുച്ചയത്തിലുമായിരുന്നെന്ന് സ്മരിക്കുക.

ഘോഷയാത്രക്കുശേഷം കണ്‍വെന്‍ഷന്റെ ഔപചാരികമായ പൊതുസമ്മേളനം നടക്കും. അതില്‍ കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള മത, സാമൂഹ്യ, സാംസ്‌കാരിക നായകര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധങ്ങളായ കലാ-കായിക മത്സരങ്ങളായിരിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും വിവിധ പ്രായമന്യെ വേര്‍തിരിച്ചാണ് മത്സരങ്ങള്‍. യുവജനങ്ങള്‍ക്കായി പ്രത്യേക കലാ കായിക വേദികളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്‌നാനായ മങ്ക, ക്‌നാനായ മന്നന്‍, മാസ്റ്റര്‍ ക്‌നാ, മിസ് ക്‌നാ, ബാറ്റില്‍ ഓഫ് ദ സിറ്റീസ്, ചിരി അരങ്ങ്, നര്‍മ്മ സല്ലാപം തുടങ്ങിയ പരിപാടികള്‍ അതീവ ഹൃദ്യവും വേറിട്ട അനുഭവങ്ങളുമായിരിക്കും സമ്മാനിക്കുക. വിജ്ഞാനപ്രദമായ സാംസ്‌കാരിക സെമിനാറുകള്‍, പ്രൊഫഷണല്‍ സിമ്പോസിയങ്ങള്‍, ചര്‍ച്ചകള്‍ എല്ലാം ഈ സംഗമത്തെ ഫലപ്രദമാക്കും. കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണക്രമീകരണങ്ങള്‍ക്കു പുറമെ ധാരാളം ബിസിനസ് ബൂത്തുകളും കണ്‍വെന്‍ഷന്‍ നഗറിലുണ്ടാകും. ആഗസ്റ്റ് 7 ന് ഞായറാഴ്ച വിശുദ്ധകുര്‍ബാനക്കു ശേഷം കണ്‍വെന്‍ഷന്റെ ക്ലോസിംഗ് സെറിമണി പരിപാടികള്‍ക്ക് തുടക്കമാകും. കണ്‍വെന്‍ഷന്‍ സമാപന ദിനത്തിലെ മുഖ്യ ഇനമാണ് ബാങ്ക്വറ്റും തല്‍സമയ അനുബന്ധ പരിപാടികളും.

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലേയും ഗാല്‍വെസ്റ്റനിലേയും വിവിധ സൈറ്റ് സീയിംഗ് ട്രിപ്പിനുള്ള സംവിധാനവും കണ്‍വെന്‍ഷന്‍ കമ്മറ്റി ഒരുക്കിയിട്ടുണ്ട്. ക്‌നാനായ സഹോദരങ്ങള്‍ക്ക് ഒരേ കുടുംബമെന്ന നിലയില്‍ ഒത്തുചേരുവാനും ദൃഢമായ ആത്മബന്ധം വളര്‍ത്തുവാനും ജീവിതാനുഭവങ്ങള്‍ മധുരോദമായി പങ്കിടാനും കണ്‍വെന്‍ഷന്‍ ഒരു അസുലഭ അവസരമായിരിക്കുമെന്ന്  കണ്‍വെന്‍ഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മഹത്തായ ഈ ക്‌നാനായ സംഗമത്തിലേക്ക് അവര്‍ ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്തു. ഇപ്പോള്‍ കെ. സി. സി. എന്‍. എ.  ദേശീയ സംഘടനക്കും ഈ കണ്‍വെന്‍ഷനും ചുക്കാന്‍ പിടിക്കുന്നവര്‍ സണ്ണി പൂഴിക്കാല (പ്രസിഡന്റ്) ജോസ് ഉപ്പൂട്ടില്‍ (വൈസ് പ്രസിഡന്റ്) പയസ് വെളൂപറമ്പില്‍ (ജനറല്‍ സെക്രട്ടറി) സഖറിയാ ചേലക്കല്‍ (ജോയിന്റ് സെക്രട്ടറി) ജോസ് കുരുവിള എടാട്ടുകുന്നേല്‍ ചാലില്‍ (ട്രഷറര്‍) അജിത് കുളത്തില്‍ കരോട്ട് (കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍) ബേബി മണക്കുന്നേല്‍ (കണ്‍വെന്‍ഷന്‍ ഇവന്റ് കോഓര്‍ഡിനേറ്റര്‍) എന്നിവരാണ്. ഹ്യൂസ്റ്റനില്‍ വിളിച്ചു ചേര്‍ത്ത മാധ്യമ കോണ്‍ഫറന്‍സില്‍ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

No comments yet... Be the first to leave a reply!