ജോയിച്ചന്‍ പുതുക്കുളം

sendoff_picഫീനിക്‌സ്: ഏഴുവര്‍ഷക്കാലത്തെ സ്തുത്യര്‍ഹമായ ആത്മീയ ശുശ്രൂഷയ്ക്കുശേഷം ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ വികാരി സ്ഥാനത്തുനിന്നും സാന്‍ഫ്രാന്‍സിസ്‌കോ മിപ്ലിറ്റാസ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ വികാരിയായി സ്ഥലംമാറിപ്പോകുന്ന ഫാ. മാത്യു മുഞ്ഞനാട്ടിന് ഇടവകാംഗങ്ങള്‍ വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

2008-ല്‍ ഫീനിക്‌സ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടറായി അരിസോണയില്‍ ആത്മീയ ശുശ്രൂഷ തുടങ്ങിവെച്ച ഫാ. മാത്യു മുഞ്ഞനാട്ട് പിന്നീട് ഫീനിക്‌സില്‍ സ്ഥാപിതമായ ഹോളിഫാമിലി ഇടവകയുടെ പ്രഥമ വികാരിയായും നിയമിക്കപ്പെട്ടു. ഫാ. മാത്യുവിന്റെ നേതൃത്വത്തില്‍ അരിസോണയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ച അവിസ്മരണീയമാണ്. ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴില്‍ ഫീനിക്‌സിലെ അതിമനോഹരമായ ഇടവക ദേവാലയം പണികഴിപ്പിച്ചത് ഫാ മാത്യുവിന്റെ പ്രധാന നേട്ടങ്ങളിലൊന്നു മാത്രം. യാത്രയയപ്പ് സമ്മേളനത്തില്‍ ട്രസ്റ്റി ടോമി സിറിയകും, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യുവും വിവിധ ഭക്തസംഘടനാ പ്രതിനിധികളും സംസാരിച്ചു.

കഴിഞ്ഞ ഏഴുവര്‍ഷക്കാലം അരിസോണയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ വൈദീകജീവിതത്തിലെ ഒരു വലിയ അനുഭവമാണ്. കേരളത്തില്‍ നിന്നുള്ള പരമ്പരാഗത കത്തോലിക്കാ സമൂഹത്തെ സീറോ മലബാര്‍ സഭയുടെ തനത് വിശ്വാസ പാരമ്പര്യത്തില്‍ ആഴപ്പെടുത്തി, ക്രിസ്തീയ കൂട്ടായ്മയിലും ഐക്യത്തിലും ഒരുമിച്ച് നിലനിര്‍ത്തുവാന്‍ സാധിച്ചത് ഒരു വലിയ ദൈവാനുഗ്രഹമായി കരുതുന്നുവെന്ന് ഫാ. മാത്യു മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു. തനിക്ക് ലഭിച്ച സ്‌നേഹവും കരുതലും പുതിയ വികാരിയച്ചനും തുടര്‍ന്നും നല്‍കണമെന്ന് ഫാ. മുഞ്ഞനാട്ട് അഭ്യര്‍ത്ഥിച്ചു.

ഇടവകയുടെ പുതിയ വികാരിയായി എത്തിയ ഫാ. ജോര്‍ജ് എട്ടുപറയ്ക്ക് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ട്രസ്റ്റി അശോക് പാട്രിക്കിന്റേയും, ജോസുകുട്ടി നടയ്ക്കപ്പാടത്തിന്റേയും നേതൃത്വത്തില്‍ ഇടവക പ്രതിനിധികള്‍ ഫാ. ജോര്‍ജിനെ ഫീനിക്‌സ് എയര്‍പോര്‍ട്ടിലെത്തി സ്വീകരിച്ചു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് നടന്ന ആഘോഷമായ ദിവ്യബലിയിലും മറ്റ് തിരുനാള്‍ കര്‍മ്മങ്ങളിലും പുതിയ വികാരിയച്ചന്‍ കാര്‍മ്മികനായി. സ്ഥലംമാറിപ്പോകുന്ന ഫാ. മാത്യു മുഞ്ഞനാട്ടിനോടുള്ള ബഹുമാനാര്‍ത്ഥം നടത്തിയ യാത്രയയപ്പ് സമ്മേളനത്തിലും സ്‌നേഹവിരുന്നിലും പുതിയ വികാരി ഫാ. ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയായ ഫാ. ജോര്‍ജ് എട്ടുപറ ചങ്ങനാശേരി അതിരൂപതയില്‍പ്പെട്ട തെക്കേക്കര സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകാംഗമാണ്.

No comments yet... Be the first to leave a reply!