രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വഷളാക്കുന്നത് മികച്ച നേതാക്കളുടെ അഭാവമെന്ന് പ്രമുഖ വ്യവസായിയും ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ചില നേതാക്കളുടെ പൊതു ജീവിതത്തെ താന്‍ എന്നും ഏറെ ബഹുമാനിക്കുന്നുണ്‌ടെന്നും രാജ്യത്തെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ ശേഷിയുള്ള നേതാക്കളെ ഇന്ത്യയ്ക്ക് ഇനിയും ആവശ്യമുണ്‌ടെന്നും രത്തന്‍ ടാറ്റ പറഞ്ഞു.

സ്വകാര്യമേഖലയിലെ ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ സ്വാധീനത്തില്‍പ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ചാഞ്ചാടുകയാണ്. ഇതുകാരണം പലപ്പോഴും നയങ്ങള്‍ മാറ്റുകയോ വൈകിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുകയാണ്. വിദേശത്ത് ഇന്ത്യയുടെ അന്തസ്സ് വളരെയേറെ ഉയര്‍ത്തിപ്പിടിച്ച പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍ സിങ്. എന്നാല്‍ അടുത്തകാലത്തായി ആ ഉന്നത നില നഷ്ടപ്പെട്ടിരിക്കുന്നു. മന്‍മോഹന്റെ നേതൃത്വത്തെ ഞാന്‍ വളരെ ബഹുമാനിക്കുന്നു. എന്നാല്‍ രാജ്യത്ത് മുന്‍നിരയില്‍ ശക്തമായ ഒരു നേതൃത്വത്തിന്റെ കുറവുണ്ട് – ടിവി അഭിമുഖത്തില്‍ രത്തന്‍ ടാറ്റ പറഞ്ഞു.

1991ല്‍ ഇതുപോലെ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ വളരെ ധൈര്യപൂര്‍വമാണ് ഇന്ത്യ നേരിട്ടത്. അതേ ടീം തന്നെയാണ് ഇപ്പോഴും അധികാരസ്ഥാനത്ത്. എന്നാല്‍ പരസ്പരം മത്സരിക്കുന്ന വ്യത്യസ്ത താല്‍പര്യങ്ങളുള്ള ശക്തികളുടെ പിടിയിലാണ് സര്‍ക്കാര്‍. ഘടകകക്ഷികളും സംസ്ഥാനങ്ങളും വിരുദ്ധ ദിശകളിലേക്കു സര്‍ക്കാരിനെ വലിക്കുന്നു. രാജ്യത്തിന് ദിശാബോധമില്ലാത്ത നിലയാണ്.

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ എങ്ങനെയുണ്ടാവും എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: ഗുജറാത്തില്‍ അദ്ദേഹം തന്റെ നേതൃത്വ പാടവം പ്രകടിപ്പിച്ചു. ഗുജറാത്തിനെ മുന്‍നിരലേക്ക് എത്തിക്കുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ രാജ്യത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് എന്തു ചെയ്യാനാവുമെന്ന് പറയാവുന്ന നിലയിലല്ല ഞാന്‍.

Tags:

No comments yet... Be the first to leave a reply!