ന്യൂയോര്‍ക്ക് –  അമേരിക്കന്‍ അതിഭദ്രാസന യുവജന വിഭാഗമായ എംജിഎസ്ഒഎസ്എയുടെ ആഭിമുഖ്യത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്കായി പ്രാര്‍ഥനയും വി. ബൈബിളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിരല്‍ തുമ്പില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ‘ക്ലീദോ എന്ന പേരില്‍ ഒരു പുത്തന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.

ലോകമെമ്പാടും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഏവര്‍ക്കും ഉപയോഗ യോഗ്യമാകും വിധത്തില്‍ യുവജനങ്ങള്‍ക്ക് ശരിയായ ക്രിസ്ത്യന്‍ ദര്‍ശനം പകര്‍ന്നു കൊടുക്കുന്നതിനും വിശ്വാസത്തില്‍ അടിയുറപ്പിച്ച് നിര്‍ത്തുന്നതിനും അവരെ വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ കൂടുതല്‍ തല്പരരാസക്കുന്നതിനുമായി തുടക്കം കുറിച്ച ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടന കര്‍മ്മം  2014 ഡിസംബര്‍ 19 ന് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടല്‍ സമുചയത്തില്‍ വെച്ച്, യല്‍ദൊ മാര്‍ തീത്തോസ് (എംജിഎസ്ഒഎസ്എ പ്രസിഡന്റ്) കുര്യാക്കോസ് മാര്‍ ദീയസ്‌കോറസ്, കുറിയാക്കാസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്താമാരുടെയും മറ്റു വിശിഷ്ട വ്യക്തികളുടേയും എംജിഎസ്ഒഎസ്എ പ്രവര്‍ത്തരുടേയും സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു.

2015 ജനുവരി 2 ന് ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെട്ട അമേരിക്കന്‍ അതിഭദ്രാസനാടിസ്ഥാനത്തിലുളള പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പോലീത്താ, സഭാ കൗണ്‍സില്‍ അംഗങ്ങള്‍ വിശിഷ്ട വ്യക്തികള്‍, യൂത്ത് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഇതര ക്രൈസ്തവ സഭകള്‍ക്ക് തന്നെ മാതൃകയെന്നോണം  അമേരിക്കന്‍ ഭദ്രാസന യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭം കുറിച്ച ഈ സംരംഭം യുവജനങ്ങള്‍ക്കായുളള ഒരു ഉത്തമ വഴികാട്ടിയാണെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും തിരുമേനി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.

ആന്‍ഡ്രോയ്‌സ് ആപ്പിളിന്റെ ഐഒഎസ് സോഫ്റ്റ് വയറുകളില്‍ ലഭ്യമാകും വിധം തയ്യാറാക്കിയിരിക്കുന്ന ഈ മൊബൈല്‍ ആപ്പിള്‍ യാമ പ്രാര്‍ഥനകള്‍, മറ്റ് പ്രത്യേക പ്രാര്‍ഥനകള്‍, വി. ബൈബിള്‍(പഴയ നിയമവും പുതിയ നിയമവും) വിശുദ്ധന്മാരുടെ വിവരങ്ങള്‍ അടങ്ങിയ ആല്‍ബം സഭയുടെ വിശേഷ ദിവസങ്ങള്‍ അടയാളപ്പെടുത്തിയ കലണ്ടര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ പദ്ധതിയുടെ വിപുലീകരണമെന്നോണം ടാബ് ലെറ്റ് വിന്‍ഡോസ് ഫോണുകളിലും ഇവ ലഭ്യമാക്കുന്നതിനും വിവിധ ഭാഷകളില്‍ ക്രിസ്ത്യന്‍ ഗാനങ്ങള്‍, വിഡിയോകള്‍ എന്നിവ ഉള്‍പ്പെടുത്തി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുമുളള ക്രമീകരണങ്ങള്‍ നടന്നു വരികയാണ്. വിശ്വാസികളെ പ്രാര്‍ഥനയിലേക്കുളള വഴി തുറക്കുന്ന ‘താക്കോല്‍ (ക്ലീദോ) ആയി വിഭാവനം ചെയ്തിരിക്കുന്ന ഈ നൂതന ആശയം നടപ്പില്‍  വരുത്തുന്നതിന് സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി കോര്‍ഡിനേറ്റര്‍ റവ. ഫാ. ഡോ. സഖറിയ വര്‍ഗീസ് അറിയിച്ചു.

ഈ വിജയത്തിന്  പിന്നില്‍ പ്രവര്‍ത്തിച്ച കുര്യന്‍ ജോര്‍ജ്, ബൂബിള്‍ പാപ്പ്,  ഷാഹാബാസ് ഖാന്‍ എന്നിവരേയും സ്‌പോണ്‍സര്‍മാരായ ജോണ്‍ തോമസ് (മാനേജിങ് ഡയറക്ടര്‍, നേയല്‍ വില്ലേജ് ആന്‍ഡ് അപ്പാര്‍ട്ട്‌മെന്റ്) ശ്യാം പിളള(ചീഫ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍, ഹബീബ് ബാങ്ക് സൂറിച്ച്), ഷെറിന്‍ മത്തായി ( മാനേജിംഗ് പാര്‍ട്‌നര്‍, മാവാ പാര്‍ട്ട്‌നേഴ്‌സ്) എന്നിവരേയും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

No comments yet... Be the first to leave a reply!