ജോര്‍ജ്ജ് തുമ്പയില്‍

ന്യൂയോര്‍ക്ക് : ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വീണ്ടും കുറയുന്നു. മൂല്യശോഷണം ഇനിയും വര്‍ദ്ധിക്കുമെന്നു കണക്കുകൂട്ടല്‍ ബലപ്പെട്ടതോടെ പ്രവാസികള്‍ സന്തോഷത്തിലായി. ഇപ്പോള്‍ ഏതാണ്ട് 63 രൂപയ്ക്ക് മേല്‍ നിരക്ക് വര്‍ദ്ധിക്കുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയതോടെ, ഈ ക്രിസ്മസിന് നാട്ടിലെ നിക്ഷേപം താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ ഒരാഴ്ചകൊണ്ട് 1.3 ശതമാനം വില ഉയര്‍ന്നു. കഴിഞ്ഞ ജനുവരി 28, 2014 ന് ശേഷം വില താഴേയ്ക്ക് പോയില്ലെങ്കിലും ഇപ്പോഴത്തെ നിരക്ക് 63 രൂപയില്‍ തൊടുന്നത് ഈ വര്‍ഷം അവസാനിക്കും മുന്‍പ് കാണേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധരും കണക്കുകൂട്ടുന്നു.


സമീപകാല ബലഹീനതയിലും ശക്തമായ വിദേശ നിക്ഷേപമാണ് പണപ്പെരുപ്പം ഉണ്ടായിട്ടു കൂടി ഡോളര്‍ ആഗോള കറന്‍സികള്‍ക്കെതിരെ ബഹുദൂരം മുന്നിലായത്. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യസൂചിക ജൂലൈ മുതല്‍ 11 ശതമാനം ഉയര്‍ന്നു. ഇതേ കാലയളവില്‍ ഡോളറും രൂപയും തമ്മില്‍ വെറും 3.4 ശതമാനത്തിന്റെ വ്യത്യാസമാണ് ഉണ്ടായത്. രൂപയുടെ ഈ അസ്ഥിരതയും എണ്ണ വിലയിലെ ഏറ്റക്കുറച്ചില്‍ കാരണമുണ്ടായ ആഗോള ഓഹരി വിപണിയില്‍ കയറ്റിറക്കങ്ങളും രൂപയുടെ പണപ്പെരുപ്പം ഉയര്‍ത്തുമെന്നും കണക്കു കൂട്ടുന്നു. അമേരിക്കയില്‍ ഗ്യാസ് ഷെല്‍ വിപണി കരുത്തു നേടുകയും ഇന്ധനവിലയില്‍ ബാരലിന് വില കൂപ്പു കുത്തുകയും ചെയ്തതോടെ, രൂപ അപകട നിലയിലേക്ക് ആവുമോയെന്ന് ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധര്‍ ഭയക്കുന്നുണ്ടെന്നതാണ് സത്യം. വരും ദിവസങ്ങളില്‍ ഈ ആശങ്ക വര്‍ദ്ധിപ്പിക്കുമെന്നും വിപണി വിശ്വസിക്കുന്നു.
ക്രൂഡ് ഓയില്‍ വില ഇടിവ് ആഗോള സാമ്പത്തിക വിപണിയില്‍ ഭയം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നതാണ് സത്യം. എണ്ണ വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍. ഇതിനു പുറമേ, ഇലക്‌ട്രോണിക്‌സ് വിപണി നിയന്ത്രിക്കുന്ന ജാപ്പനീസ് ഓഹരികള്‍ കഴിഞ്ഞ നാല് ആഴ്ചകള്‍ക്കിടയില്‍ അവരുടെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലാകട്ടെ, സെന്‍സെക്‌സും നിഫ്റ്റിയും തിങ്കളാഴ്ച ഒക്‌ടോബര്‍ 30 മുതല്‍ക്കു ശേഷം ഏറ്റവും കുറഞ്ഞ അളവ് രേഖപ്പെടുത്തി.
രൂപയുടെ  മൂല്യശോഷണം മോഡി സര്‍ക്കാരിന്റെ നയപരമായ സാമ്പത്തിക പരാജയമല്ലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം തിരിച്ചാണ്. പണപ്പെരുപ്പം വര്‍ധിക്കുമ്പോഴും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോഴും വിപണിയില്‍ ഇടപെടുന്നതേയില്ല. ഇന്ത്യന്‍ ഓഹരി വിപണി മുന്നോട്ട്  പോകുമ്പോള്‍ ക്രിസ്മസ് പുതുവത്സരത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമോ എന്നു കാത്തിരിപ്പിലാണ് നിക്ഷേപകരില്‍ അധികവും. രൂപയുടെ ഇടിവും അതിലൂടെ സാധ്യതയുള്ള വിദേശ നിക്ഷേപകരുടെ ലാഭവും കണക്കിലെടുക്കുമ്പോള്‍ പ്രവാസികള്‍ക്ക് പണം വാരാന്‍ പറ്റിയ സമയമാണിതെന്ന് സാമ്പത്തിക ആസൂത്രണ വിദഗ്ധര്‍ വിലയിരുത്തുന്നു.

No comments yet... Be the first to leave a reply!