ന്യൂജഴ്‌സി : അമേരിക്കന്‍ മലയാളി വ്യവസായികളുടെ കൂട്ടായ്മയെന്ന ദീര്‍ഘകാല അഭിലാഷത്തിനു ന്യൂജഴ്‌സിയില്‍ സാക്ഷാത്കാരം. കേന്ദ്രീകൃത വ്യവസായ സംരംഭകരുടെ കൂട്ടായ്മ- കേരളാ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് ഔപചാരിക തുടക്കം കുറിച്ച് പ്രവര്‍ ത്തനനങ്ങള്‍ ആരംഭിച്ചു. ദിലീപ് വര്‍ഗീസ് ചെയര്‍മാനായുള്ള ഡയറക്റ്റര്‍ ബോര്‍ഡും തോമസ് ജി  മൊട്ടയ്ക്കല്‍ പ്രസിഡന്റും ഡോ. ഗോപിനാഥന്‍ നായര്‍ ജനറല്‍ സെക്രട്ടറിയും അലക്‌സ് ജോണ്‍ ട്രഷററുമായുള്ള പ്രഥമ എക്‌സിക്യുട്ടീവ് ചുമതലയേറ്റു.

സംഘടന കൂടുതല്‍ ശക്തമാക്കുന്നതിനും ഭാവി പരിപാടികളുടെ കൂടിയാലോചനയ്ക്കുമായി 19ന് ഒരു ഹോളിഡെ പാര്‍ട്ടി എഡിസണിലുള്ള എഡിസണ്‍ ഹോട്ടലില്‍ നടത്തുന്നതായിരിക്കും. അമേരിക്കന്‍ മലയാളി വ്യവസായ സംരഭകരുടെ എകോപനത്തിനും സംഘടനാ സംവിധാനത്തിന്റെ മുന്നേറ്റത്തിനും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നു പ്രസിഡന്റ്  തോമസ്  മൊട്ടയ്ക്കല്‍ അഭ്യര്‍ഥിച്ചു.

മലയാളി വ്യവസായികളുടെ ഒരു കൂട്ടായ്മയുടെ ആവശ്യം കഴിഞ്ഞ കുറെ കാലങ്ങളായി ചര്‍ച്ച ചെയ്യുകയായിരുന്നു. മുന്‍ മന്ത്രിയും എം.പിയുമായ എന്‍.കെപ്രേമചന്ദ്രന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചര്‍ച്ചകള്‍ പുതിയതലങ്ങളിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ നവംബര്‍ അഞ്ചിന് നടന്ന ലളിതമായ ചടങ്ങില്‍ സംഘടനയുടെ ഉദ്ഘാടനം എന്‍.കെപ്രേമചന്ദ്രന്‍  എം.പി നിര്‍വഹിച്ചു.

അമേരിക്കന്‍ മലയാളി വ്യവസായകരുടെ കൂട്ടായ്മ എന്ന ആശയം വന്‍മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തിനും ഇതിന്റെ നന്മ അനുഭവിക്കാന്‍ കഴിയണം. രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാന്‍ സംഘടനകള്‍ക്കാകണം. മണ്ണിന്റെ മണമുള്ള മുന്നേറ്റങ്ങള്‍ക്കേ വിജയത്തിലെത്താന്‍ കഴിയൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂട്ടായ്മയ്ക്ക് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുസമൂഹത്തിന്റെയും എല്ലാ വിധ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി.

സാമൂഹിക പ്രതിബദ്ധതയുള്ളൊരു സംഘടന വാര്‍ത്തെടുക്കലാണ് കേരളാ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ലക്ഷ്യം. വിവിധ തലങ്ങളില്‍ ചിതറിക്കിടക്കുന്ന വ്യവസായ പ്രമുഖരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയും സംഘടനയുടെ ഉത്തരവാദിത്വമാണ്. വ്യവസായ സംരംഭകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹരിക്കുന്നതിനും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നതിനും എല്ലാവരും യോജിച്ചു നില്‍ക്കണമെന്ന ചിന്തയാണ് കൂട്ടായ്മയ്ക്ക് ആധാരം.

No comments yet... Be the first to leave a reply!