തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സുപരിചിത മുഖമായിരുന്ന സുചിത്ര നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഓര്‍മക്കൊട്ടകയില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. നമ്പര്‍ 20 മദ്രാസ് മെയിലില്‍ നായികയായി വന്നിറങ്ങിയ ഈ നടി കുട്ടേട്ടന്‍, അഭിമന്യു, മിമിക്‌സ് പരേഡ്, നയം വ്യക്തമാക്കുന്നു, തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഭരതം, കാശ്മീരം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസിലിടം നേടി. ഏതാനും ചിത്രങ്ങളില്‍ ബാലതാരമായും അഭിനയിച്ചിട്ടുണ്ട്.

വിവാഹശേഷം അഭിനയജിവിതത്തിനു ഫുള്‍സ്‌റ്റോപ്പിട്ട് അമേരിക്കയിലേക്ക് കുടിയേറി. ഇപ്പോള്‍ ഭര്‍ത്താവ് മുരളിയ്ക്കും മകള്‍ നേഹയ്ക്കുമൊപ്പം കുടുംബിനിയുടെ റോള്‍ ആസ്വദിക്കുന്നു. ‘നാട്യഗൃഹ’ എന്ന സ്വന്തം നൃത്തവിദ്യാലയത്തിലൂടെ കലാസപര്യ ഇപ്പോഴും തുടരുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം സുചിത്ര ഓര്‍മകള്‍ പങ്കുവയ്ക്കുന്നു…

ഇപ്പോഴത്തെ മലയാള സിനിമകളെപ്പറ്റി?

മലയാള സിനിമകളുടെ സുവര്‍ണ കാലഘട്ടം 1980 കളാണ്. മികച്ച തിരക്കഥയും സംവിധാനവും അഭിനയ മുഹൂര്‍ത്തങ്ങളും സമ്മാനിച്ച ഒട്ടേറെ ജനപ്രിയ സിനികള്‍ പുറത്തിറങ്ങി. സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍, മമ്മൂട്ടി ജോഷി, മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടുകളുടെ പ്രതാപ കാലം. താളവട്ടം, തനിയാവര്‍ത്തനം, സിബിഐ ഡയറിക്കുറിപ്പ്, 1921, ഒരു വടക്കന്‍ വീരഗാഥ, വൈശാലി തുടങ്ങി മറക്കാനാവാത്ത എത്രയെത്ര ചിത്രങ്ങള്‍… ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ സിനിമകളും കാണാറുണ്ട്. കാലത്തിന്റേതായ മാറ്റമുണ്ട്്. കാവ്യ മാധവന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവരുടെയൊക്കെ അഭിനയം നന്നാവുന്നുണ്ട്.

ഒരിടവേളയ്ക്കു ശേഷം മലയാളസിനിമയിലേക്ക് ആരെങ്കിലും വിളിച്ചോ?

അഭിനയരംഗത്തേക്ക് ഇനി ഇല്ല. കുടുംബവും നൃത്താധ്യാപനവും അതിന്റെ തിരക്കുകളുമൊക്കെയായി പോകാനാണ് ഇഷ്ടം.

വിവാഹ ശേഷവും മലയാള സിനിമയില്‍ തുടരണമായിരുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?.

സിനിമയിലെ വലിയ തിരക്കുകളില്‍ നിന്നൊക്കെ മാറി കുടുംബിനിയായി ജീവിക്കാന്‍ ഇഷ്ടമായിരുന്നു. സുചിത്ര നല്ലൊരു കുടുംബിനിയാകേണ്ട ആളാണ് എന്ന് ബാലചന്ദ്രമേനോന്‍ സാര്‍ ഇടയ്ക്കിടെ പറയുമായിരുന്നു. അന്ന് അദ്ദേഹവും ഞാനും താരസംഘടനയായ അമ്മയുടെ ഭാരവാഹികളാണ്. സാറിന്റെ കുടുംബവുമായി വലിയ സുഹൃത്ത് ബന്ധമുണ്ടായിരുന്നു.

ബാല്യത്തിലെ ഓണം?

വളരെ രസകരമായിരുന്നു. വീടിനടുത്തു തന്നെയുളള തറവാട്ടിലായിരുന്നു ഓണാഘോഷങ്ങള്‍. തിരുവനന്തപുരത്തിന് അടുത്തുളള ചെറിയ ഉദയേശ്വരമാണ് എന്റെ നാട്. കൂട്ടുകുടുംബമാണ് ഞങ്ങളുടേത്. ചേട്ടനും ചേച്ചിമാരും കസിന്‍സുമൊക്കെയായി പത്തുനൂറു പേരെങ്കിലും ഓണാഘോഷത്തിനുണ്ടാവും. അത്തം മുതല്‍ പത്തുദിനം നീളുന്ന ആഘോഷങ്ങള്‍. പൂപറിക്കലും അത്തപ്പൂവിടീലും സദ്യയുമൊക്കെയായി ഒരു മേളമാണ്. പിന്നെ, ഓണക്കാലത്ത് തറവാട്ടില്‍ വലിയ ഊഞ്ഞാല്‍ കെട്ടുമായിരുന്നു. ഊഞ്ഞാലാട്ടം മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.

അമേരിക്കയിലേക്കുള്ള വരവ്?

കല്യാണ സമയത്ത് ഭര്‍ത്താവ് മുരളി അമേരിക്കന്‍ എയര്‍ലൈന്‍സില്‍ പൈലറ്റ് ആയിരുന്നു. ഇപ്പോള്‍ മുരളി ഐടി പ്രഫഷനലാണ്. എന്റെ കസിനെയാണ് മുരളിയുടെ കസിന്‍ കല്യാണം കഴിച്ചിരിക്കുന്നത്. അങ്ങനെ ഫാമിലി ത്രൂ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു ഞങ്ങളുടേത്. ഇപ്പോള്‍ ഡാലസില്‍ സ്ഥിരതാമസം. മകള്‍ നേഹ മൂന്നാം ക്ലാസില്‍.

എങ്ങനെയാണ് നൃത്തവിദ്യാലയം തുടങ്ങിയത്?

ആത്യന്തികമായി ഞാനൊരു കലാകാരിയാണ്. സിനിമയിലേക്കുളള എന്റെ വരവു തന്നെ, തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടി എന്ന നിലയിലായിരുന്നു. കന്‍സാസിലായിരുന്നു ഞങ്ങള്‍ ആദ്യം താമസിച്ചിരുന്നത്. യുഎസ്സിലെത്തിയ ശേഷം പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടറില്‍ മാസ്റ്റര്‍ ബിരുദമെടുത്തു. തുടര്‍ന്ന് കുറച്ചുനാള്‍ ഐടി ഫീല്‍ഡില്‍ ക്വാളിറ്റി അനലിസ്റ്റായി ജോലി ചെയ്തു. അന്നും താല്‍പര്യം നൃത്തത്തോടായിരുന്നു. 2008 ല്‍ അദ്ദേഹത്തിന്റെ ജോലി സൌകര്യത്തിനായി ഫിലഡല്‍ഫിയയിലേക്ക് മാറേണ്ടി വന്നു. അവിടുത്തെ മലയാളികള്‍ നൃത്തവിദ്യാലയം തുടങ്ങാന്‍ പ്രോല്‍സാഹനം നല്‍കി. അങ്ങനെ നാട്യഗൃഹ യാഥാര്‍ഥ്യമായി. ഇപ്പോള്‍ ഡാലസില്‍ വന്നശേഷം രണ്ടു സ്‌കൂളുകളുണ്ട്്. അറിയാവുന്ന കല പകര്‍ന്നു നല്‍കുന്നതില്‍ സന്തോഷമുണ്ട്.

പ്രവാസ ജീവിതത്തിലെ ഓണം?

വിവിധ അസോസിയേഷനുകളുടെ ഓണപ്പരിപാടികളില്‍ അതിഥിയായി പങ്കെടുക്കാറുണ്ട്. നാട്ടിലേക്കാള്‍ കൂടുതലായി ഇവിടെയാണ് ഓണം ആഘോഷിക്കുന്നത് എന്നു തോന്നിയിട്ടുണ്ട്. പിന്നെ ഓണക്കാലത്ത് ഞാന്‍ നൃത്തവിദ്യാലയത്തിന്റേയും ഡാന്‍സ് പരിപാടികളുടേയും തിരക്കിലായിരിക്കും.

ഓര്‍മക്കുറിപ്പുകള്‍ എന്തെങ്കിലും?

ഒരിക്കല്‍ വെസ്റ്റ് കരീബിയന്‍സിലേക്ക് കാര്‍ണിവല്‍ കോണ്‍ക്വസ്റ്റ് എന്ന കപ്പലില്‍ കുടുംബസമേതം യാത്രപോയി. പരിചയക്കാരൊന്നും ഉണ്ടാവില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ കുറേപ്പേര്‍ ഞങ്ങളുടെ ചുറ്റും കൂടി. ഷിപ്പിലെ ജീവനക്കാരായിരുന്നു അവര്‍. ഷെഫും റസ്റ്ററന്റ് ജീവനക്കാരും ക്രൂ മാനേജരും ഒക്കെ മലയാളികള്‍!. തുടര്‍ന്നുളള ദിവസങ്ങളില്‍ അവര്‍ ഞങ്ങള്‍ക്ക് നല്ല ആതിഥ്യമൊരുക്കി. കേരളീയ വിഭവങ്ങള്‍ ഉണ്ടാക്കിത്തന്നു. ഒരു സിനിമാതാരമായതുകൊണ്ടാണ് ഈ സ്‌നേഹമൊക്കെ ലഭിച്ചത്.

മറക്കാനാവാത്ത സിനിമ, കഥാപാത്രം?

സിനിമ നമ്പര്‍ 20 മദ്രാസ് മെയിലാണ്. ഭരതത്തിലെ രാധയെന്ന കഥാപാത്രത്തെയാണ് എനിക്കേറെയിഷ്ടം.

വായനക്കാരോട് പങ്കുവെക്കാന്‍ ?

മലയാള സിനിമയുടെ ഒരു ഭാഗമാകാന്‍ സാധിച്ചതില്‍ ഓരോ ദിവസവവും ഈശ്വരനോട് നന്ദി പറയുന്നു. എവിടെ പോയാലും മലയാളി എന്ന നിലയില്‍ ആള്‍ക്കാര്‍ വന്നു പരിച്ചയെപ്പെടുമ്പോള്‍ സന്തോഷം ഉണ്ട്. എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍

 

No comments yet... Be the first to leave a reply!